06:30pm 22 October 2026
NEWS
ആഗോള നിക്ഷേപക സംഗമം: രണ്ടു ദിവസം കൊണ്ട് 1,52, 905.67 കോടിയുടെ നിക്ഷേപം
22/02/2025  09:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആഗോള നിക്ഷേപക സംഗമം: രണ്ടു ദിവസം കൊണ്ട് 1,52, 905.67 കോടിയുടെ നിക്ഷേപം

കൊച്ചി: രണ്ടു ദിവസമായി കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ 1,52,905.67 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ. സമാപന സമ്മേളനത്തിൽ മന്ത്രി പി. രാജീവാണ് പ്രഖ്യാപനം നടത്തിയത്. 374 കമ്പനികളാണ് ഇതു സംബന്ധിച്ച് വ്യവസായ വകുപ്പുമായി ധാരണയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതും  നിലവിലുള്ളവ വിപുലീകരിക്കുന്നതും ഇതിലുൾപ്പെടും. 500 കോടി മുതൽ മേൽപ്പോട്ട് നിക്ഷേപം നടത്താൻ സന്നദ്ധമായ 66 സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം സമാപന സമ്മേളനത്തിൽ മന്ത്രി കൈമാറി.  ഇനി മുതൽ മൂന്നു വർഷത്തിലൊരിക്കൽ നിക്ഷേപ സംഗമം നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ഭൂമി ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങൾ എളുപ്പത്തിലാക്കാൻ വ്യവസായ, റവന്യൂ മന്ത്രിമാരുൾപ്പെട്ട ഫാസ്റ്റ് ട്രാക്ക് സംവിധാനം രൂപീകരിക്കും. സംരംഭകന് തുടർനടപടികൾ അറിയാൻ ടോൾ ഫ്രീ നമ്പരും ഇ മെയിൽ ഐഡിയും നൽകും. എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് അറിയാൻ ഡാഷ് ബോർഡ് തുടങ്ങും. കേരളത്തിൽ വ്യവസായം  ആരംഭിക്കുന്നതിന് സംരംഭകന്  രഹസ്യ ചെലവ് വേണ്ടി വരില്ലെന്ന് ഉറപ്പ് നൽകുന്നു. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര സർക്കാരിൻ്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ വ്യവസായ സംരംഭകർക്ക് മാത്രമായി ഒരു പിങ്ക് പാർക്ക് ആരംഭിക്കാൻ കിൻഫ്ര തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപത്തിൻ്റെ കാര്യത്തിൽ കേരളത്തിന് തുറന്ന മനസ്സാണ് ഉള്ളത്. ഇക്കാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. കേരളത്തിൽ എവിടെയും വ്യവസായം തുടങ്ങാൻ അനുയോജ്യമായ സാഹചര്യമാണ്. കേരളത്തിൽ നഗര, ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള വ്യത്യാസം കുറവാണ്. വിദേശ കമ്പനികൾക്ക് സ്വന്തം രാജ്യത്ത് തണുപ്പ് കാലാവസ്ഥയിൽ അവരുടെ പ്രവർത്തനം കേരളത്തിലേക്ക് മാറ്റാൻ സാധിക്കും. വർക്ക് ഫ്രം കേരള എന്ന ആശയം ഇതിൽ നിന്ന് ഉരിത്തിരിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.       

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പ്രൊഫ.കെ.വി.തോമസ്, പത്മഭൂഷൺ കൃഷ്ണ എല, വ്യവസായ പ്രമുഖരായ ജോയി ആലുക്കാസ്, എം.എ.അഷറഫലി, രമേശ് കണ്ണൻ, വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം ഹനീഷ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img